
ബാല്യത്തിന്റെയും കൗമാരത്തിന്റെയും ഏറിയ പങ്കും നാം ചിലവഴിച്ച നമ്മുടെ നവോദയ…
ഇടവഴിയിൽ സ്റ്റോപ്പുകളില്ലാത്ത ജീവിതയാത്റക്കിടയിൽ എപ്പോഴെങ്കിലും നാമോരുരത്തരും കൊതിച്ചിട്ടുണ്ടാകും…
ഒരിക്കൽക്കൂടി ആ കുന്നുകയറി നവോദയയിൽ പോകണം…
അവിടെ നമ്മുടെ ബാല്യത്തിന്റെ കാൽപ്പാടുകൾ പതിഞ്ഞ ആ പാറക്കൂട്ടങ്ങൾ ചവിട്ടി ഇനിയും നടക്കണം…
ഇരുൾ വീഴുമ്പോൾ അതേ പാറകൾ തീർത്ത തല്പത്തിൽചാഞ്ഞ് നക്ഷത്റങ്ങളോട് കഥകൾ പറയണം…
ഉള്ളിലൊതുക്കിയ പ്റണയത്തിന്റെ നെടുവീർപ്പുകൾ ഇപ്പൊഴുമവിടെ അലയടിക്കുന്നുണ്ടോ എന്നു കാതോർക്കണം…
ആരും കാണാതെ ചുവരിൽ കോറിയിട്ട പ്റണയാക്ഷരങ്ങൾ മാഞ്ഞുവോയെന്നു നോക്കണം…
വരിയായി നീങ്ങുന്ന പിങ്ക് ചുരിദാറുകൾക്കിടയിൽ അവളുടെ മുഖം തേടണം…
കണ്ടെത്തിയാൽ ആ പാളിയ ഒരു കണ്ണേറുകിട്ടാൻ കാത്തിരിക്കണം… കിട്ടിയാ നിധിയെന്ന പോലെ കുതിച്ചു ചാടണം…ഇല്ലെ ആരും കാണാതെ തേങ്ങലടക്കണം…
സോക്സ് ബോളുകൾ ഒരുക്കി cricket കളിക്കണം…
കാലിൽകൊരുത്ത പന്തുമായി ഗോൾപോസ്റ്റുതേടി ചീറിപ്പായണം…
വേനൽവരൾച്ചയിൽ ബക്കറ്റും തോർത്തുമായി അരുവികൾ തേടി കുന്നിറങ്ങണം…
സീസണിൽ കീശനിറച്ച കശുവണ്ടിയുമായി കടയിലേക്കോടണം…
” ഛോളീ കെ പിഛെ ക്യാഹേ… ” വന്നപ്പോ വി.സി.ഡി ഫാസ്റ്റ് ഫോർവേഡ് ചെയ്ത സീനിയറെ പ്രാകണം…
സാറുന്മാർ പോയിക്കഴിയുമ്പോ വീണ്ടും പ്ളേ ചെയ്തു തരുന്ന ആ ചേട്ടനെ വീണ്ടും നമിക്കണം…
ഓണത്തിനു പൂവിറുക്കാൻ കാണാത്ത ചക് റവാളങ്ങൾ തേടി അലയണം…. അവിടെങ്ങെങ്കിലും മനസിലെ പ്റിയതമയെ (പ്റിയതമനെ) കണ്ടുമുട്ടണേയെന്നു വെറുതെ കൊതിക്കണം…
വൈകുന്നേരങ്ങളിൽ ഒരു പഴംപൊരി കൂടി കിട്ടാൻ മുഖം മറച്ചു വീണ്ടുംവരി നിൽക്കണം…
കിട്ടിക്കഴിയുമ്പോൾ കുശുമ്പോടെ നോക്കുന്ന സതീർഥർക്കൊരു പങ്കുകൊടുക്കണം…
എന്നിട്ടവരുടെ കൈയുംപിടിച്ചിനിയും നടക്കണം…. ആ പാറക്കൂട്ടങ്ങളുടെ മാറിലൂടെ ദ്വിഗ്വിജയികളേപ്പോലെ…
കൊതികൾ തീരില്ല… കഥകളും..! അവ തിരമാലകളാണ്…
പലതും ഇനിയൊരിക്കൽക്കൂടി സാധ്യമാവില്ലതാനും…
പക്ഷേ ചിലതെങ്കിലും…?
ഇതൊരു തിരിച്ചു പോക്കാണ്… സാധ്യതകൾ തേടി.. ഓർമകൾ തേടി..
നിങ്ങളും വരണം… അവിടെ ആരും ഒറ്റക്കായിരുന്നില്ല… നമ്മളൊന്നിച്ചായിരുന്നു… നമ്മളൊന്നായിരിന്നു.
മറവിയുടെ മഞ്ഞുമൂടിയ ഇനിയുമായിരം കഥകൾ വീണ്ടും പറയാൻ അവിടം നമ്മളെ കാത്തിരിക്കുന്നു…!!